ഇന്ത്യന്‍ സ്വാതന്ത്ര സമരവും വൈലിശ്ശേരിയും

Kunhalan Kutty Vailissery
വൈലിശ്ശേരി കുടുംബ സമിതി പ്രസിഡന്റ്

(രണ്ടാം കുടുംബ സംഗമ സുവനീരില്‍ കുടുംബ സമിതി പ്രസിഡന്റ് ഹാജി കുഞ്ഞാലന്‍ കുട്ടി ഇളന്നുമ്മല്‍ എഴുതിയ ലേഖനം)
1857 ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിന് ശേഷം രണ്ടാമത് 1921 ആഗസ്റ്റ് മാസത്തില്‍ നടന്ന വിപ്ലവമാണ് മാപ്പിള ലഹള എന്നും മലബാര്‍ കലാപം എന്നപേരിലും അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരം. വിദേശികളായ ബ്രിട്ടീഷ് ഭരണത്തിന് എതിരേ, മാതൃഭൂമിയെ സ്‌നേഹിക്കല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന ഉറച്ച വിശ്വാസത്തില്‍ നി ന്നും ഉടലെടുത്ത ആവേശമായിരുന്നു നിരായുധരായ മുസ്ലിങ്ങള്‍ക്ക് ബ്രിട്ടീഷ് തോക്കിന് മുമ്പില്‍ പൊരുതാനുണ്ടായ ഊര്‍ജ്ജം.
തിരൂരങ്ങാടിയും പൂക്കോട്ടൂരും മറ്റുപലയിടങ്ങളിലുമായി ആലി മുസ്ല്യാരുടേയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയുടെയും ചെമ്പകശ്ശേരി ഇമ്പിച്ചിക്കോയ തങ്ങള്‍ മുതലായവരുടെ നേതൃത്തത്തില്‍ നടക്കുന്ന സമരത്തെ അടിച്ചൊതുക്കിയത് തോക്കിന്‍ കുഴലിലൂടെ ആയിരുന്നു. മാപ്പിള മക്കളെ കണ്ടാല്‍ ഉടനെ വെടിവെച്ചു കൊല്ലുക എന്നതായിരുന്നു അവരുടെ രീതി. അതിന്റെ ഭാഗമായി ചേലേമ്പ്രയിലും ആ ക്രൂരന്‍മാര്‍ എത്തി. അവര്‍ എത്തുമെന്ന വാര്‍ത്ത കേട്ടപാടെ എല്ലാ പുരുഷന്‍മാരും പ്രശ്‌നങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചു.
വൈലിശ്ശേരി കുഞ്ഞാലന്‍ കുട്ടി എന്ന വല്യുപ്പയും രണ്ട് മക്കളും 20 ഉം 16 ഉം വയസ്സുള്ള കുഞ്ഞഹമ്മദ്, അബ്ദുറഹ്‌മാന്‍ എന്നിവരും കൊണ്ടോട്ടി ഭാഗത്തെ കുടുംബത്തിലേക്ക് മാറിതാമസിച്ചു. കൊണ്ടോട്ടി തങ്ങള്‍ ബ്രിട്ടീഷ് അനുകൂലി ആയത് കൊണ്ട് അദ്ദേഹത്തിന്റെ പ്രദേശം സുരക്ഷിതമേഖല ആയതുകെണ്ടാണ് അവര്‍ അങ്ങോട്ട് മാറിയത്.
ഇന്നത്തെപോലെ വാര്‍ത്താമാധ്യമങ്ങളൊന്നും ഇല്ലാത്ത കാലത്ത് എന്താണ് നാട്ടില്‍ നടന്നത് എന്ന് അറിയാനും അവരുടെ വീടുകളും സ്വത്തുക്കളും എന്തായി എന്നറിയാനും വേണ്ടി നവംബര്‍ മാസം അവസാനത്തില്‍ അവര്‍ സ്വന്തം നാട്ടിലേക്ക് വന്നു. പടിഞ്ഞാറെ പുളിയാളില്‍ ആയിരുന്നു അവര്‍ താമസിക്കുന്ന വീട്. വിധി എന്നു പറയട്ടെ ആ ദിവസമാണ് ചേലേമ്പ്രയില്‍ പട്ടാളം ഇറങ്ങിയത്. ഉച്ച സമയം, വല്യുപ്പ ളുഹര്‍ നിസ്‌കരിക്കുകയായിരുന്നു. എന്റെ ഉപ്പ അബ്ദുറഹ്‌മാന്‍ എന്നവര്‍ കഞ്ഞി വെക്കുന്നു. മുറ്റത്തുണ്ടായിരുന്ന വാഴക്കുല വെട്ടി അതില്‍ നിന്നും അല്‍പം കറിയും വെക്കുന്നതിനിടെ ഒരു ശബ്ദം കേട്ടു. മുറ്റത്ത് ഇറങ്ങി നോക്കി, അതാ വരുന്നു പട്ടാളം. കോടാട്ടില്‍ ഇടവഴിയിലൂടെയും ഏളക്കാട്ടില്‍ ഇടവഴിയിലൂടെയും. രണ്ട് ബാച്ചായി അവര്‍ വരുന്നത് കണ്ടു. ഉടനെ ജനലിലൂടെ തട്ടി നിസ്‌കരിക്കുന്ന വല്യുപ്പയെ പട്ടാളം വരുന്നു എന്ന് പറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ ഉപ്പ ഓടി മുന്നില്‍ വിളഞ്ഞുനില്‍ക്കുന്ന നെല്‍വയലില്‍ ഒളിക്കാമെന്ന് കരുതി നേരെ ഓടി നെല്‍വയലിന്റെ വക്കത്ത് എത്തിയത് പട്ടാളത്തിന്റെ ദൃഷ്ടിയില്‍ പെട്ടു.
ഠോ..... വെടി പൊട്ടി.
സുബ്ഹാനള്ളാഹ്....
ഠോ, ഠോ. ഠോ...
തുരുതുരാ വീണ്ടും വെടി പൊട്ടി.ഉടനെ പാടത്തേക്ക് കമഴന്നു വീണു. തോളിന് മുകളുലൂടെ പാഞ്ഞ വെടിയുണ്ട ചെറിയൊരു മുറിവും ഏല്‍പിച്ചിരുന്നു. ശഹാദത്ത് കലിമയും ദിക്‌റുകളും ആവര്‍ത്തിച്ച് ചൊല്ലി അനങ്ങാതെ അവിടെ കിടന്നു.
വല്ല്യുപ്പ അടുക്കള ഭാഗത്ത് ഉണ്ടായിരുന്ന കൊടപ്പനയുടെ മറവില്‍ മാറിനിന്നു. പട്ടാളക്കാര്‍ കാടടക്കി വെടിവെപ്പ് തുടര്‍ന്നു. പശുക്കളെ അഴിച്ചുവിട്ട് വളര്‍ത്തിയിരുന്ന ആ കാലത്ത് അവയെല്ലാം വെടിയൊച്ച കേട്ട് കൂട്ടം കൂടി ഒരു കവചമായി പനയുടെ ചുറ്റും നിലയുറപ്പിച്ചതിനാല്‍ ആ ഭാഗത്തേക്ക് പട്ടാളം നിറയൊഴിച്ചില്ല. ചെറൂള്‍ പറമ്പ് മുഴുവന്‍ കുറ്റിക്കാടുകളായിരുന്നു അന്ന്. മങ്ങാട്ട് കിഴക്കെതൊടിയിലെ മൂന്ന് പുരുഷന്‍മാരേയും ഒരു സ്ത്രീയേയും അവര്‍ തോക്കിന് ഇരയാക്കി.
മൂത്താപ്പ കുഞ്ഞഹമ്മദ് എന്നവര്‍ നിസ്‌കാരത്തിന് പള്ളിയിലായിരുന്നു. നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങി നോക്കുമ്പോള്‍ വെടിയൊച്ച കേള്‍ക്കുന്നു. ശബ്ദം കേള്‍ക്കാത്ത ഭാഗത്തുകൂടി നടന്നു വരുമ്പോള്‍ ഒരു ബാച്ച് പട്ടാളം കറുത്തനാരി ഇടവഴി വഴി നടന്നു വരുന്നു. അവരുടെ മുന്നില്‍ പെട്ട അവരെ പട്ടാളക്കാര്‍ അറസ്റ്റ് ചെയ്യുകയും. കൂടെ അറസ്റ്റ് ചെയ്യപ്പെട്ട കാരട്ടി പാറക്കല്‍ കുഞ്ഞിമുഹമ്മദ്, മങ്ങാട്ടയില്‍ ഏനികുട്ടി എന്നിവരോടൊപ്പം കൊണ്ടു പോയി. അറസ്റ്റു ചെയ്ത അവരെ ബെല്ലാരി സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടു പോയത്.
ഉപ്പ ചെളിപുരണ്ട് കിടക്കുന്നിടത്തുനിന്ന് വൈകുന്നേരം ഇരുട്ടിയ സമയത്ത് എണീറ്റ് നോക്കുമ്പോള്‍ ഉപ്പാനേയും ഇക്കാനേയും കാണാനില്ല. വല്യുപ്പയും മക്കളെ അന്യേഷിച്ചു പുറപ്പെട്ടു. പട്ടാളക്കാര്‍ പോയി എന്നുറപ്പായപ്പോള്‍ ചൂട്ടു കത്തി ച്ചും കൂകി ശബ്ദമുണ്ടാക്കിയും ചിലരെല്ലാം ഒളിത്താവളങ്ങളില്‍ നി ന്നും പുറത്തു വന്ന് പരസ്പരം കണ്ടുമുട്ടി. തുടര്‍ന്ന മരണപെട്ടവരെ സംസ്‌കരിക്കുന്നതില്‍ വ്യാപൃതരാ യി. ശേഷം രാത്രി തന്നെ അവര്‍ വീ ണ്ടും ഒളിത്താവളങ്ങളിലേക്ക് മാറി.
മൂത്താപ്പ കുഞ്ഞഹമ്മദ് എന്നവരെ പട്ടാളം കൊണ്ടുപോയി എന്ന വിവരം കിട്ടി. പിന്നീട് അവരെ ജയിലിലേക്ക് മാറ്റിയ വിവരവും അറിഞ്ഞു. ലഹളകള്‍ എല്ലാം അടങ്ങി, മാസങ്ങള്‍ക്ക് ശേഷം മൂത്താപ്പയെ ജയില്‍ മോചിതനാക്കാനുള്ള ശ്രമങ്ങള്‍ നടന്നു. മോചന ദ്രവ്യം നല്‍കിയാല്‍ മോചിതനാകാം എന്ന അന്നത്തെ പട്ടാള നിയമം അനുസരിച്ച് വൈലിശ്ശേരി തറവാട് പറമ്പ് തുച്ചമായ വിലക്ക് വിറ്റ് പണം അടച്ച് ജയില്‍ മോചിതനാക്കി. മൂത്താപ്പ പിന്നീട് വിവാഹം കഴിച്ച് ചെര്‍നൂരില്‍ താമസമാക്കി. ഇവരുടെ മക്കളില്‍ മൂത്ത ആള്‍ കുഞ്ഞഹമ്മദ് പിന്നീട് ഗുഡല്ലൂരിലും മറ്റുള്ളവര്‍ തയ്യിലക്കടവിലും താമസിച്ചു വരുന്നു. സഹോദരന്‍ അബ്ദുറഹ്‌മാന്‍-ഉപ്പ-എന്നിവരുടെ മക്കള്‍ ഇളന്നുമ്മലും താമസിച്ചു വരുന്നു. വല്യുപ്പ കുഞ്ഞാലന്‍കുട്ടി എന്നിവരുടെ സഹോദരങ്ങളുടെ മക്കളും ഇളന്നുമ്മല്‍ കല്ലംപാറ, കല്ലാ യി, പരുത്തിക്കോട്, മുണ്ടിയന്‍കാവ് തുടങ്ങിയ പ്രദേശങ്ങളി ലും മറ്റു മക്കള്‍ കുഞ്ഞീതീന്‍ കുട്ടി മക്കള്‍ മുക്കത്തക്കടവിലും കമ്മദ് കുട്ടി മക്കള്‍ പുല്ലിപ്പറമ്പിലും സഹോദരി ആയിശക്കുട്ടി മക്കള്‍ പള്ളിക്കല്‍ ബസാറിലും താമസിച്ചു വരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര സമരത്തില്‍ പ്രധാന പങ്ക് വഹിച്ച മലബാര്‍ സമരത്തില്‍ പങ്കെടുത്ത ധീരദേശാഭിമാനികളായ നമ്മുടെ പൂര്‍വീകരെക്കുറിച്ച് നമുക്ക് അഭിമാനിക്കാം. അള്ളാഹു അവര്‍ക്ക് മഗ്ഫിറത്ത് നല്‍കട്ടെ.
വല്യുപ്പ കുഞ്ഞാലന്‍ കുട്ടി എന്നവരുടെ സഹേദര പരമ്പരയും അവരുടെ ഉപ്പ കുഞ്ഞീന്‍ കുട്ടിയുടെയും സഹോദര പരമ്പരകളാണ് ഇളന്നുമ്മല്‍ നിന്നും മാറി താമസിച്ച് കല്ലമ്പാറയില്‍ ഉള്ളവരും അവിടെ നിന്ന് കല്ലായിയില്‍ ഉള്ളവരും. അതുപോലെ പള്ളിക്കലും യൂനീവേഴ്‌സിറ്റിയി ലും ഉള്ളവര്‍ വല്യുപ്പയുടെ ഉപ്പയുടെ സഹോദര പുത്രന്‍മാരാണ്. അതുപോലെ വിളയൂരി ലും തിരൂരിലുമുള്ളവരും വല്യുപ്പയുടെ സഹോദര പുത്രന്‍മാര്‍ ആണെന്നാണ് ഇതുവരെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അനുമാനിക്കുന്നത്. ഇനിയും ആ കണ്ണികളുടെ കൊളുത്തുകള്‍ക്ക് വ്യക്തത വരേണ്ടതുണ്ട്. വരും കാലങ്ങളില്‍ ചരിത്രത്തിന്റേയും ലഭ്യമാകാവുന്ന രേഖകളുടേയുംഅടിസ്ഥാനത്തി ല്‍ നമുക്കത് ഉറപ്പിക്കാന്‍ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇന്‍ഷാഅള്ളാഹ്.