കുടുംബ ചരിത്രം ലക്ഷ്യവും ആവശ്യകതയും

Abdul Sakir Vailissery
കുടുംബ സമിതി ജനറൽ സെക്രട്ടറി

(രണ്ടാം കുടുംബ സംഗമ സുവനീരില്‍ കുടുംബ സമിതി സെക്രട്ടറി ശാക്കിര്‍ കല്ലായി എഴുതിയ ലേഖനം)
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല്‍ ഇങ്ങനെ ഒരു ചരിത്രരചന നടത്തുവാന്‍ അനുഗ്രഹം നല്‍കിയവന്‍ -മഹാ പരിശുദ്ധന്‍ സ്വന്തം അസ്തിത്വത്തെക്കുറിച്ച് അന്വേഷിക്കുകയും ചരിത്രപരവും സാമൂഹിക-സാംസ്‌കാരികപരവും വിദ്യാഭ്യാസ സാമ്പത്തികപരവുമായ പശ്ചാത്തലം മനസ്സിലാക്കി ജീവിച്ചിരിക്കുന്ന പുതുതലമുറയിലേക്ക് പകര്‍ന്നു കൊടുക്കുകയും അറിയുന്നവര്‍ക്ക് ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തുകയും അവരുടെ ചിന്തയെയും വൈകാരിക തലങ്ങളെയും കുടുംബത്തോടൊപ്പം കൂട്ടിയിണക്കുകയും ചെയ്യുക എന്നത് ചരിത്രരചനയുടെ ലക്ഷ്യമാണ്. ഓരോ മനുഷ്യരും സ്വയം അറിഞ്ഞിരിക്കേണ്ടതും മറ്റുള്ളവരിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യേണ്ടതാണ് ഇന്നിന്റെ ചരിത്രം. മറ്റുള്ളവര്‍ക്ക് അത് ഇന്നലെയുടെ ചരിത്രമായി മാറുന്നു.
മനുഷ്യസമൂഹമേ, അല്ലാഹു നിങ്ങളെ ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിക്കുകയും നിങ്ങളെ പല കുടുംബങ്ങളും ഗോത്രങ്ങളും ആക്കിയത് നിങ്ങളെ പരസ്പരം തിരിച്ചറിയാനാണ് എന്ന വസ്തുത ഇരുത്തി ചിന്തിപ്പിക്കേണ്ടത് തന്നെയാണ്. ആഗോള ചരിത്രം, ജനിച്ച നാടിന്റെ ചരിത്രം, സ്വന്തം കുടുംബത്തിന്റെ ചരിത്രം - എന്നിവ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതും സൂക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യപ്പെടുന്നത് കൊണ്ടാണ് ഇന്ന് ലോകം ഇത്രയധികം വികാസം പ്രാപിക്കുകയും വികസനത്തിന്റെ പുതുനാമ്പുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുള്ളത്. തന്റെ കുടുംബപരമ്പര്യം, സംസ്‌കാരം, വൈവിധ്യം, എന്നിവ മനസ്സിലാക്കുന്നതിലൂടെ ഒരാള്‍ തന്നെതന്നെ സ്വയം മനസ്സിലാക്കുകയും പാലിക്കപ്പെടുകയും കൊണ്ടുനടക്കപ്പെടുകയും ചെയ്യേണ്ട സാംസ്‌കാരികവും പാരമ്പര്യവും ജീവിതത്തില്‍ പകര്‍ത്തുകയും അവരെ അന്തസായി കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഒന്ന് മഹത്തായ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഉടമയാവുക. രണ്ട് അന്തസ്സ്, പാരമ്പര്യം എന്നിവ മനസ്സിലാക്കി ജീവിച്ചിരുന്നവര്‍ക്ക് തനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും ഗുണകരമായതും ഉത്തമമായതും പുതുതലമുറകള്‍ക്ക് ബാക്കിയാക്കുക. മൂന്ന് ജീവിച്ചിരിക്കുന്ന കുടുംബത്തോടും കൂട്ടുകുടുംബത്തോടും മഹാപാപങ്ങളില്‍ നിന്നും സംരക്ഷിച്ചു പോരുകയും ദോഷങ്ങളും മാനഹാനിയും വരാതെ യശസ്സ് നിലനിര്‍ത്തുക എന്ന സാമൂഹ്യബാധ്യത നിര്‍വഹിക്കുകയും ചെയ്യുക. ഈയുള്ളവന്‍ ജനിച്ചു ഒന്നര വയസ്സായപ്പോഴേക്കും മരിച്ചുപോയ പിതാവ് മര്‍ഹൂം വൈലിശ്ശേരി കുഞ്ഞു മുഹമ്മദിനെ കുറിച്ച് അന്വേഷിക്കുക എന്നതായിരുന്നു ഈ ചരിത്ര രചനാ നിര്‍വ്വഹണത്തി്ല്‍ എന്റെ ആദ്യചുവട്. അല്ലാഹു അദ്ദേഹത്തിനും നമ്മില്‍ നിന്നും മരണപെട്ടവര്‍ക്കും പാപമോചനവും സ്വര്‍ഗപ്രാപ്തിയും നല്‍കട്ടെ - ആമീന്‍. കുടുംബ ചരിത്രങ്ങളും പശ്ചാത്തല സംഭവവിവരണങ്ങളും മറ്റും ഉള്‍പ്പെടുത്തി ഒരു സുവനീര്‍ നമ്മുടെ വൈലിശ്ശേരി കുടുംബത്തിന്റെ പേരില്‍ പ്രസിദ്ധപ്പെടുത്താന്‍ കഴിയുക എന്നതും അതില്‍ രണ്ട് വരി എഴുതുക എന്നതും ഏറെ സന്തോഷകരമായ കാര്യമാണ്. വളരെയധികം ആശിച്ച ഈ കാര്യം നമ്മുടെ ഒന്നാം കുടുംബ സംഗമത്തിന് തന്നെ പ്രസിദ്ധപ്പെടുത്തണം എന്നാഗ്രഹിച്ചിരുന്നെങ്കിലും അത് വിജയിച്ചില്ല. നമ്മുടെ എഡിറ്റര്‍ ഹബീബും അദ്ദേഹത്തിന്റെ എഡിറ്റോറിയല്‍ ടീമംഗങ്ങളുടേയും ഉജ്ജ്വലവും മഹത്വവുമായ ഈ കര്‍മ്മത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ഇത്ര കാമ്പുറ്റ മികവാര്‍ന്ന ഒരു സുവനീര്‍ അദ്ദേഹത്തിനനുവദിച്ച സമയത്തിനുള്ളില്‍ തന്നെ ഭംഗിയായി നിര്‍വ്വഹിക്കാന്‍ അദ്ദേഹം കാണിച്ച ഔത്സുക്യം എടുത്ത് പറയേണ്ടത് തന്നെയാണ്. ഒരു കുടുംബത്തിന്റെ സര്‍വ്വതോമുഖമായ വളര്‍ച്ച ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ കല, കായികം, സാഹിത്യം തുടങ്ങിയ എല്ലാ മേഖലകളും സമന്വയിപ്പിക്കേണ്ടത് നേതൃത്വം ബോധപൂര്‍വ്വം നടത്തേണ്ട ഇടപെടലുകള്‍ തന്നെയാണ്. ഈ തറവാട്ടിലെ ഇളം തലമുറ മുതല്‍ കാരണവന്മാര്‍ വരെയുള്ളവരേയും അടുക്കള മുതല്‍ അന്താരാഷ്ട്രം വരേയും ഇതിന്റെ ഭാഗധേയമാക്കാന്‍ സാധിച്ചതില്‍ നമുക്ക് അഭിമാനിക്കാം. എണ്ണിയാലൊടുങ്ങാത്ത പരിപാടികള്‍ നടത്തുന്നതില്‍ മാത്രമല്ല സ്ഥായീഭാവമുള്ള ഇത്തരം ധാരാളം പ്രവര്‍ത്തനങ്ങളും തെരെഞ്ഞെടുത്ത മേഖലകളില്‍ ഇനിയും നമ്മുടെ കുടുംബ കൂട്ടായ്മയുടെ ഭാഗത്ത് നിന്നും സൃഷ്ടിച്ചെടുക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സുവനീറിന് എല്ലാ വിധ ആശംസകളും ഹൃദയാന്തരാളത്തില്‍ നിന്നും നേരുന്നു.
ഒന്നാം കുടുംബ സംഗമ ഓര്‍മകള്‍
നാഥന് സ്‌ത്രോത്രമോതി കൊണ്ട് മാത്രമേ അതിനാവുകയുള്ളൂ. 2019 ന്റെ ആദ്യ പകുതിയിലാണീ വൈലിശ്ശേരി കുടുംബ സമിതിയുടെ ജനനം. അതിന്റെ അവസാനമായപ്പോഴേക്കും നമ്മുടെ മനസ്സുകളും ചിന്തയും അത്രയും അടുത്തിരുന്നു. എങ്കില്‍ പോലും ഇത്രയും വലിയ ഒരു സംഗമമായി ഇത് മാറുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. സംഗമം നടത്താനുള്ള തീരുമാനം അവിവേകമായി പോയോ എന്ന് പോലും ഒരു വേള ചിന്തിച്ചു പോയിട്ടുണ്ട്. ആദ്യഘട്ട തീരുമാനം ഒരു ചെറിയ ഹാളില്‍ പരമാവധി ഒപ്പിച്ചിരിക്കാവുന്ന തരത്തില്‍ ഒരു 'കൂടല്‍ ' അത്ര മാത്രമേ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നുള്ളൂ. പിന്നീട് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താലും കാരുണ്യത്തിലും അത് വലിയ മഹാ സംഭവമാവുകയായിരുന്നു. തയ്യിലക്കടവ് ഏരിയക്കാര്‍ സി.പി.കണ്‍വണ്‍ഷന്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്തതോട് കൂടി ഒന്നാം കുടുംബ സംഗമത്തിന്റെ ഗതി തന്നെ മാറുന്ന അവസ്ഥയാണ് പിന്നീടങ്ങോട്ട് ഉണ്ടായത്. നല്ല ഒരു ടീം വര്‍ക്കോടെ ഒരുമയോടെ എല്ലാ വൈലിശ്ശേരി ഘടകങ്ങളും അവനവന്റെ വീട്ടിലെ പരിപാടി പോലെ ഇതിനെ കാണുകയും സഹകരണവും സാമ്പത്തിക മാനുഷികവിഭവ സഹായങ്ങളും കൂടി ഒത്തുകൂടിയപ്പോള്‍ ഈ പരിപാടി നമ്മള്‍ ഉദ്ദേശിച്ചതിലും കെങ്കേമമായി എന്നത് അവിടെ പങ്കെടുത്ത ഒരോ അംഗങ്ങളുടേയും വാഗ്മൊഴിയിലൂടേയും സോഷ്യല്‍ മീഡിയാ പ്രതികരണത്തിലൂടെ ഓരോരുത്തര്‍ക്കും ദൃശ്യമായതാണ്.അതിന് ശേഷം ഈ കുടുംബ സമിതിക്കുണ്ടായ കെട്ടുറപ്പും ആത്മാഭിമാനവും ഒന്ന് വേറെ തന്നെയായിരുന്നു.
വിശിഷ്ട വ്യക്തിത്വങ്ങളെ ക്ഷണിക്കലും പങ്കെടുപ്പിക്കലും അവരുടെ മുമ്പില്‍ പ്രസംഗിക്കലും പരിപാടികള്‍ അവതരിപ്പിക്കലും ഇപ്പോള്‍ നമുക്ക് എളുപ്പമായി തോന്നുമെങ്കിലും ആദ്യഘട്ട പൈലറ്റ് പരിപാടിയെന്ന നിലക്ക് എല്ലാവര്‍ക്കും ഒരു പുതിയ എക്‌സ്പീരിയന്‍സ് തന്നെയായിരുന്നു. പ്രത്യേകിച്ച് നമ്മുടെ വൈലിശ്ശേരിയുടെ അന്നത്തെ മാനുഷികവിഭവശേഷി വെച്ച് നോക്കുമ്പോള്‍ ശരിക്കും സമ്പന്നരെന്ന് ചൂണ്ടിക്കാണിക്കാനോ നല്ലൊരു അക്കാഡമീഷ്യനെ എടുത്ത് കാണിക്കാനൊ ഇല്ലാത്ത ഒരു പരിസ്ഥിതി കൂടി ആലോചിക്കുമ്പോള്‍ നമുക്കത് ബോധ്യമാവും. പക്ഷേ നമ്മുടെ ഐക്യവും തന്റേടവും സര്‍വ്വ ശക്തന്റെ കാരുണ്യത്താലും നാം അത് നേടിയെടുത്ത് പല കുടുംബ സംഗമങ്ങളും ആദ്യ പരിപാടിക്ക് ശേഷം തന്നെ നാമാവശേഷമാകുന്ന പ്രതിഭാസത്തില്‍ നിന്നും വ്യത്യസ്തമായി മൂന്ന് കൊല്ലങ്ങള്‍ക്ക് ശേഷവും ശക്തമായ വെള്ളപ്പൊക്കത്തിനും അതികഠിനപരീക്ഷണമായ കോവിഡ് 19പാന്‍ഡമിക്കിന് ശേഷവും നാം ഇതാ തലയുയര്‍ത്തി അന്ന് തിരൂര്‍ വൈലിശ്ശേരി ടീം ഏറ്റെടുത്ത അതേ തിയതിക്കും വര്‍ഷത്തിലും സ്ഥലത്തും വീണ്ടും രണ്ടാം വൈലിശ്ശേരി സമാഗമത്തിന് തയ്യാറായി പുതിയ ചരിത്രം തീര്‍ക്കുന്നു. ഓര്‍ക്കുമ്പോള്‍ സന്തോഷാശ്രുക്കള്‍ പൊഴിയുന്നത് തന്നെയാണ് ഒന്നാം വാര്‍ഷികം. 1999 ഡിസംമ്പര്‍ 24 ഞായറാഴ്ച ഒരു പെരുന്നാള്‍ സുദിനം പോലെ ഇന്നും കണ്‍വെട്ടത്തില്‍ മിന്നി മറിയുകയാണ്.
കുടുംബത്തിലെ തെറ്റി പിരിഞ്ഞ് നിന്നവരെ കൈകോര്‍പ്പിച്ച്, അശരണര്‍ക്ക് സഹായഹസ്തം നല്‍കി, വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ഒരു പുത്തന്‍ ഉണര്‍വ്വ് നല്‍കി കുടുംബാംഗങ്ങളെ വിളിച്ചപ്പോള്‍ അവരെല്ലാം ഒരേ പൊന്‍ ചരടില്‍ കോര്‍ത്ത മുത്തുമണികളെ പോലെ പരിപാടിയിലേക്ക് ആബാലവൃന്ദം വരുന്ന കാഴ്ച ഏതൊരു മനസ്സിനും കുളിര്‍മയേകുക തന്നെ ചെയ്യും. പ്രത്യേകിച്ചും സംഘാടനത്തിന്റെ അമരത്തിരിക്കുന്നവരില്‍ ഒരെളിയവനെന്ന നിലയില്‍. വ്യത്യസ്ത ദിക്കില്‍ കുടുംബമാണെങ്കിലും രക്തബന്ധമെന്ന അനുഗ്രഹീത ചരടിനാല്‍ ബന്ധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ജീവിതത്തിലൊരിക്കല്‍ പോലും കാണാത്ത ബന്ധത്തെ നേരില്‍ കാണുന്ന അവിസ്മരണീയമായ കൂടി ചേരലിന്റെ ആ ഭാവാത്മകത എത്ര പേനകള്‍ കൊണ്ടെഴുതി തീര്‍ത്താലും അനിര്‍വ്വചനീയമാണ്.കൂട്ടു കുടുംബത്തിന്റെ ബന്ധങ്ങള്‍ കൂട്ടിയോജിപ്പിക്കലും പ്രപിതാക്കളിലൂടെ ബന്ധങ്ങളുടെ ചരട് കോര്‍ക്കുമ്പോഴും അവര്‍ക്ക് ആ ശൃംഖല മുഴുമിപ്പിക്കാന്‍ ആ ദിവസം മതിയാവാത്തതിന്റെ വേപതു തീര്‍ക്കാന്‍ ഇനി നമുക്കിത് അടര്‍ത്താതിരിക്കാന്‍ പരസ്പരം ഗൃഹസന്ദര്‍ശനത്തിന് തിയതിയുറപ്പിച്ച് പിരിഞ്ഞവര്‍പോലും നേരിട്ട് കണ്ട് ആഹ്ലാദമറിയിച്ചപ്പോഴുണ്ടായ അവിസ്മരണീയ മുഹൂര്‍ത്തം വാക്കുകള്‍ക്കധീതമാണ്. റബ്ബേ നീ കുടുംബ ബന്ധം ചേര്‍ത്തിയാലുള്ള എണ്ണിയാലൊതുങ്ങാത്ത പ്രതിഫലങ്ങള്‍ ഒരിക്കലും ഇവര്‍ക്ക് പാഴാക്കരുത് നാഥാ!ഈ കൂട്ടായ്യക്ക് ഇനിയും നിലനില്‍ക്കാനും പരസ്പരം സഹായിക്കാനും സഹകരിക്കാനുള്ള മനസ്സും ഇതിന്റെ ഐക്യവും ഒരുമയും നില നിര്‍ത്തി തരേണമേ -ആമീന്‍ യാ റബ്ബ്